14 Feb 2012

ഫെബ്രുവരി 13, ഒരു അപരിചിതന്റെ കുറിപ്പുകള്‍

ഫെബ്രുവരി 13, എന്റെ സ്വപ്നങ്ങള്‍ ഇവിടെ അവസാനിക്കുന്നു. ദൈര്‍ഘ്യം അറിയാത്ത ഒരു തുരങ്കമാണ് മുന്നില്‍. കറുത്ത തിരശ്ശീലയാല്‍ മൂടപ്പെട്ടപോലെ അനന്തമായ ഇരുട്ടാണ് മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നത്. നടത്തം അവസാനിപ്പിക്കാനോ പ്രകാശത്തിലേക്കു തിരിച്ചു നടക്കാനോ അവകാശമില്ലാത്ത ഒരു യാത്ര. ഇതൊരു നിയോഗമാണ്. ആരുടെയോ വിരലനക്കങ്ങളില്‍ അറിയാത്ത കഥ ആടിത്തീര്‍ക്കുന്ന പാവക്കൂത്ത് പോലെ. പിന്നില്‍ എന്റെ വെളിച്ചവും എന്റെ നിറക്കാഴ്ചകളും ചുരുങ്ങി അകന്ന് ഇല്ലാതാകുന്ന ഒരു അര്‍ദ്ധവൃത്തത്തില്‍ അവസാനിക്കുകയാണ്. ഈ ഇരുണ്ട വഴികളും അതിന്റെ ഓരത്തെ അവ്യക്തമായ നിഴലനക്കങ്ങളും എന്നില്‍ അപരിചിതത്വത്തിന്റെ, ഒറ്റപ്പെടലിന്റെ ഭീതി നിറക്കുന്നു. പെട്ടെന്നൊരു നിമിഷം ഞാന്‍ തനിച്ചായി മാറിയിരിക്കുന്നു. ഇരുട്ടി വെളുക്കാത്ത അവസാന ഇരവിനു ഇനിയെത്ര നാഴിക ബാക്കി...? ദൂരെ... അങ്ങു ദൂരെ, ഒരു വെളിച്ചം മോഹിക്കാന്‍ പോലും കഴിയാതെ പോയേക്കാവുന്ന എന്റെ നാളെകളെയാണ് ഞാന്‍ ഏറ്റവും ഭയക്കുന്നത്... സ്വപ്നം കാണാന്‍ കഴിവില്ലാതാകുന്ന നാളെകളെ... എന്റെ സ്വപ്നങ്ങളും ഞാന്‍ തന്നെയും എനിക്ക് അന്യമാകുന്നതിനു മുന്‍പ് അവസാനമായി ഒരു സ്വപ്നം കൂടി ഞാന്‍ കണ്ടോട്ടെ. അന്തിവെയില്‍ നെടുനീളന്‍ രേഖകള്‍ തീര്‍ത്ത ഒരു പൂന്തോട്ടം, എന്റെ നാമം മനോഹരമായി കോറിയിട്ട ഒരു ശില തേടി, ചെങ്കട്ടകള്‍ പൊടിഞ്ഞു കിടന്ന ഒരു നടപ്പുവഴിയെ നീ ഏകയായി വരുമെന്ന്... ഒരു കണ്ണീര്‍കണം ആ ശിലയില്‍ പടര്‍ന്ന് ഇല്ലാതാകുന്ന ഒരു നിമിഷം ഉണ്ടാകുമെന്ന്... ലില്ലിപ്പൂക്കള്‍ക്കിടയിലൂടെ ഒരു ചെറു കാറ്റായി വന്ന് നിന്റെ കവിളിലെ കണ്ണിര്‍ ചാലുകളെ ഞാന്‍ മായ്ചു കളയുമെന്ന്...

23 Oct 2011

ഹേ, നിഷാദാ

വരണ്ടു വറ്റി, ഇലകരിഞ്ഞു നിന്ന മരച്ചില്ലയിലെ നിഴലനക്കത്തിലേക്ക് വേടന്‍ തന്റെ കുറുകിയ കണ്ണുകളെ പായിച്ചു, എന്നിട്ടു, അമ്പെടുത്തു ഉന്നം പിടിച്ചു. ദൂരെ അന്തിസൂര്യന്റെ പ്രഭാപൂരം തീര്‍ത്ത മഞ്ഞളിപ്പില്‍നിന്നും കണ്ണുകള്‍ മുക്തമായപ്പോള്‍, കൊക്കുരുമ്മാതെ പ്രണയ സല്ലാപങ്ങളില്ലാതെ മരച്ചില്ലയില്‍ നിശ്ശബ്ദരായിരിക്കുന്ന ഇണക്കുരുവികളെ വേടന്‍ കണ്ടു. വേടന്റെ കൈ വിറച്ചു, തൊണ്ട വരണ്ടു. മാ നിഷാദാ, എന്നൊരു നിലവിളി എങ്ങുനിന്നോ ഒഴുകിയെത്തിയോ? തലമുറകള്‍ക്കു മുന്‍പേ വേടന്റെ കുലത്തിനു വീണ തീരാ ശാപം. ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ എയ്തു വീഴ്ത്തിയ വേടന്റെ ക്രൂരത, ഇണക്കുരുവിയുടെ വേദന, മനം നൊന്ത മുനിയുടെ ശാപം... വേടന്റെ മനസ്സു തളര്‍ന്നു, കൈ തളര്‍ന്നു. ഒരു തീരാശാപത്തിന്റെ ഭാരം മനസ്സിലിട്ടു തിരിഞ്ഞു നടക്കുമ്പോള്‍, പിന്നില്‍നിന്നും ആണ്‍കിളി അലറി വിലിച്ചു.
"ഹേ, നിഷാദാ, ദയവായി എന്നെ അമ്പെയ്തു വീഴ്ത്തുക. നിന്റെ വറചട്ടിയില്‍ പൊരിഞ്ഞു, നിന്റെ മക്കളുടെ നാവിലെ കൊതിയൂറുന്ന ഓര്‍മയാക്കി മാറ്റുക എന്നെ"

വേടന്‍ പറഞ്ഞു, "ഇനിയും ഒരു ശാപം പേറുവാന്‍ എനിക്കു കഴിയില്ല"

ആണ്‍കിളി പറഞ്ഞു, "ദയവായി നിന്റെ ശരത്താല്‍ എന്റെ മാറുപിളര്‍ന്ന്, എന്റെ വേദനകളില്‍ നിന്നും എന്നെ രക്ഷിക്കൂ"

"അരുതേ, വീണ്ടും ഒരു ക്രൂരതയുടെ പ്രതീകമാകാന്‍ എന്നെ നിര്‍ബന്ധിക്കരുതേ" വേടന്‍ യാചിച്ചു.

ആണ്‍കിളി കരഞ്ഞുകൊണ്ടേ ഇരുന്നു, "നിന്റെ കര്‍മം ചെയ്യൂ, ദയവയി എന്നെ അമ്പെയ്തു കൊല്ലൂ"

ഒരു നിലവിളിയും ഒരു ശാപവും വേടനു ചുറ്റും ഭീതിതമായി പതിധ്വനിച്ചുകൊണ്ടിരുന്നു.

"അല്ലയോ ക്രൗഞ്ചമേ, ഈ ക്രൂരത എനിക്കു വയ്യ, ഞാന്‍ ഒരു ആണായി പിറന്നു പോയി"
വേടന്‍ നിലവിളിച്ചു. എന്നിട്ടു തൊടുക്കാനാഞ്ഞ അമ്പെടുത്തു തന്റെ ഇടനെഞ്ചില്‍ കുത്തിയിറക്കി പിടഞ്ഞുമരിച്ചു. ഇതു കണ്ട ആണ്‍കിളി അലറിക്കരഞ്ഞ് ഉണങ്ങിയ മരച്ചില്ലയില്‍ തല തല്ലിപ്പിളര്‍ന്നു, കരിഞ്ഞുണങ്ങിയ ഭൂമിയിലേക്കു ജീവനറ്റു വീണു. എല്ലാം നിര്‍‌വികാരയായി കണ്ടുകൊണ്ടിരുന്ന പെണ്‍കിളി അല്പനേരം അവിടെ ഇരുന്നിട്ടു ഒടുവില്‍, തുടുത്ത സൂര്യന്‍ ഒളിച്ചു മറഞ്ഞ മലഞ്ചെരുവിലേക്ക് പറന്നുപോയി

19 Oct 2011

ശിക്ഷ

ഞാന്‍ എന്റെ ഹൃദയത്തിനു ശിക്ഷ വിധിക്കുന്നു
നിന്റെ വെറുപ്പിലും സ്നേഹം കൈവിടാത്തതെന്റെ ഹൃദയമാണ്
ഞെട്ടിയുണര്‍ന്നൊരു രാത്രിയില്‍, ഒരോര്‍മതന്‍ വിങ്ങലില്‍
നിശ്ചലമാകട്ടെ അതിന്റെ തുടികൊട്ടുകള്‍

ഞാന്‍ എന്റെ മിഴികള്‍ക്കു ശിക്ഷ വിധിക്കുന്നു
നിന്റെ കൃഷ്ണമണികളില്‍ എന്റെ രൂപം കണ്ടത് എന്റെ മിഴികളാണ്
ഒരു രുധിര പ്രവാഹത്തില്‍, അതിന്റെ മര്‍ദ്ദമാനങ്ങളില്‍
കരിമ്പടം മൂടട്ടെ എന്റെ വര്‍ണ ദൃശ്യങ്ങളില്‍

ഞാന്‍ എന്റെ കാതുകള്‍ക്കു ശിക്ഷ വിധിക്കുന്നു
നിന്റെ സ്വരത്തില്‍ സ്നേഹം അളന്നതു എന്റെ കാതുകളാണ്
ഏതോ നിറംകെട്ട പുലരിയില്‍, നിദ്രവിട്ടുണരുമ്പോള്‍
നിശ്ശബ്ദമാകട്ടെ എന്റെ ലോകവും അതിന്‍ നാദവും

ഞാന്‍ എന്റെ കാലുകള്‍ക്കു ശിക്ഷ വിധിക്കുന്നു
നീ അകലുമ്പോഴും നിന്നിലേക്കോടിയെത്തിയതു എന്റെ കാലുകളാണ്
ഈ കനല്‍ വഴികളില്‍, അതിന്റെ തീവ്രവേഗങ്ങളില്‍
ചിതറിയൊടുങ്ങട്ടെ എന്റെ ചലനശേഷികള്‍

ഞാന്‍ എന്റെ നാവിനു ശിക്ഷ വിധിക്കുന്നു
നിന്റെ സ്നേഹം പറഞ്ഞു ക്ഷയിപ്പിച്ചതെന്റെ നാവാണ്
ഒരു തളര്‍ച്ചയില്‍ അതിന്റെ തുടര്‍ച്ചയില്‍
അയഞ്ഞു നിലക്കട്ടെ എന്റെ സ്വരതന്ത്രികള്‍

ഞാന്‍ എന്റെ ബുദ്ധിക്കു ശിക്ഷ വിധിക്കുന്നു
നിനക്കു ഞാന്‍ സന്തോഷമെന്ന് പറഞ്ഞതു എന്റെ ബോധമാണ്
നിന്റെ തിരസ്കാരങ്ങളില്‍ അതിന്റെ സൂചിപ്പാടുകളില്‍
ഉന്മത്തമാകട്ടെ എന്റെ ബോധവും കിനാക്കളും

ഞാന്‍ എന്നിലെ എനിക്കു ശിക്ഷ വിധിക്കുന്നു
എന്റെ ജീവനെ നിനക്കായി കാത്തത് എന്നിലെ ഞാനായിരുന്നു
ആശയുടെ അവസാന നാളവും കെടുത്തിയ മണല്‍ക്കാറ്റില്‍
ചേതനയറ്റൊരു മൃതപിണ്ഢമാകട്ടെ ഞാന്‍

21 Jul 2011

നരേന്ദ്രായനത്തിലെ പറക്കുന്ന വെള്ളാനകള്‍

നരേന്ദ്രന്‍ ഒരു സംസാര വിഷയമായിരിക്കുന്നു. ഒപ്പം പറക്കുന്ന വെള്ളാനകളും. അഭിനന്ദനങ്ങളുടെ ആലസ്യത്തിലല്ല ഞാന്‍. എന്റെ ചിന്തകള്‍ നരേന്ദ്രനെ തേടി അലയുകയാണ്‌. ഈ ആള്‍ക്കൂട്ടത്തെ നോക്കി നരേന്ദ്രന്‍ എന്തു പറയുമായിരുന്നു? ആള്‍ക്കൂട്ടവും നരേന്ദ്രനും... സങ്കല്പിക്കാന്‍ കഴിയാത്ത ഒരു പൊരുത്തമായി തോന്നി അത്. ഏകനായി തെരുവമലയിറങ്ങിവരുന്ന നരേന്ദ്രനെ മാത്രമേ എനിക്ക് സങ്കല്പ്പിക്കാന്‍ കഴിയൂ. അഭിനന്ദനങ്ങള്‍ പലപ്പോഴും എന്നെ അലോസരപ്പെടുത്താറാണ് പതിവ്. നരേന്ദ്രന്റെ കഥ ഞാന്‍ എഴുതേണ്ടിയിരുന്നില്ല എന്ന് പലവട്ടം തോന്നിയിട്ടുള്ളതാണ്. ഞാനും നരേന്ദ്രനും പറക്കുന്ന വെള്ളാനകളുമൊക്കെ പുനര്‍‌നിര്‍‌വചിക്കപ്പെടുന്നു. ഞാന്‍ പിടിയിലായ മോഷ്ടാവിനെപ്പോലെ തല കുമ്പിട്ടിരുന്നു.. എന്നും ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി നടക്കുന്നതാണ്‌ എന്റെ ശീലം. പുറം‌ലോകത്തിനു മുന്നിലെ എന്റെ അന്തര്‍മുഖത്വം തിരുത്തപെടാന്‍ ആഗ്രഹിക്കാത്ത ഒരു ആനന്ദമാണ്‌ എനിക്ക്. ആള്‍ക്കൂട്ടം എന്നും എനിക്ക് ഏകാന്തതയുണ്ടാക്കുകയും ഒരുതരം ശൂന്യതയിലേക്ക് എന്നെ സ്വയം നഷ്ടപ്പെടാന്‍ വിട്ടുകൊടുക്കുകയും ചെയ്യാറുണ്ട്. എന്റെ ഏകാന്ത നിമിഷങ്ങളില്‍ ഞാന്‍ രാജാവായി മാറുന്നു, വിപ്ലവകാരിയും തത്വചിന്തകനുമായി മാറുന്നു, മാമൂലുകളെ തച്ചുടക്കുന്ന ധിക്കാരിയായി മാറുന്നു....



നരേന്ദ്രന്‍ ആരാണ്, നരേന്ദ്രനും ഞാനും തമ്മിലുള്ള ബന്ധം, ഒക്കെയും ചര്‍ച്ചാവിഷയങ്ങളായിക്കഴിഞ്ഞിരിക്കുന്നു. ചിലര്‍ക്ക് നരേന്ദ്രന്‍ ഒരു മിഥ്യയാണെങ്കില്‍ ചിലര്‍ക്ക് ഒരു പ്രതീകം ആയിരുന്നു. ഞാന്‍ എല്ലാവര്‍ക്കുമിടയില്‍ ഒന്നുമറിയാത്തവനായി തല കുമ്പിട്ടിരുന്നു. ചോദ്യങ്ങളെ ഞാന്‍ നിരാകരിച്ചിട്ടുള്ളതാണ്. ഞാന്‍ അപ്പോഴും ബോധാബോധങ്ങളെപ്പറ്റിയാണ് ആലോചിച്ചുകൊണ്ടിരുന്നത്. എനിക്കാകട്ടെ അതിര്‍‌വരമ്പിനിരുവശങ്ങളിലെ ബോധാബോധങ്ങളുടെ‍ അദൃശ്യതലങ്ങള്‍ കെട്ടുപിണഞ്ഞ ഒരു സങ്കല്‍‌പം മാത്രമാണ്. ഉറക്കത്തെയും ഉണ‌ര്‍വിനേയും വേര്‍തിരിക്കുന്ന മാനദണ്ഡങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. സ്വപ്നം‍ ഉണര്‍‌വിനെയും, ഉണ‌ര്‍വ് സ്വപ്നത്തെയും സ്വപ്നമെന്നു നിര്‍‌വചിക്കുന്നു, രണ്ടും സ്വയം ഉണര്‍‌വെന്നു വിളിക്കുന്നു. ഈ ബോധാബോധങ്ങളുടെ ഏതു തലങ്ങളിലാണ് ഞാന്‍ നരേന്ദ്രനെ കണ്ടതെന്ന് എനിക്ക് ഓര്‍മയില്ല. എന്റെ ഓര്‍മകളില്‍ ബോധാബോധങ്ങള്‍ വേര്‍‌തിരിക്കാതെ ഉഷ്ണഗന്ധികളായി തെരുവക്കുന്നുകള്‍ പടര്‍ന്നുകിടക്കുന്നു. തിരകളായെത്തുന്ന ഉഷ്ണക്കാറ്റ് എന്റെ ഓര്‍മകളെ വിയര്‍പ്പിക്കുന്നു.



നരേന്ദ്രന്‍ എന്നും എന്റെ മനസ്സിലെ അസ്വസ്ഥമായ ഒരു സാന്നിദ്ധ്യമായിരുന്നു. നരേന്ദ്രനെപ്പോലെ തന്നെ നരേന്ദ്രന്റെ കഥയും അപരിചിതമായ ഒരു പരിചയമായി ചിലപ്പോള്‍ എന്റെ ചിന്തകളെ അലോസരപ്പെടുത്താറുണ്ട്‌. നരേന്ദ്രനും നരേന്ദ്രന്റെ കഥയും എന്റെ ചിന്തകളെ കവര്‍‌ന്നെടുക്കുമ്പോഴൊക്കെ വെന്തുനീറിയ തെരുവമലകളുടെ ഉഷ്ണഗന്ധം ഒരു ആലസ്യമായി എന്നെ തേടിയെത്താറുണ്ട്, തെരുവപ്പുല്ലുകളുടെ അരം കൊണ്ട തോളുകളില്‍ വിയര്‍പ്പിന്റെ ഉപ്പ് നീറ്റലായി ഒരു പഴയ ഉഷ്ണകാലത്തേക്ക്, ഊര്‍‌പ്പത്തിന്‍കായകള്‍ ലൈം‌ഗിക പരതയുടെ പൂര്‍ണ്ണത തേടി എന്റെ വിയര്‍ത്തുനനഞ്ഞ രോമകൂപങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന പഴയ നട്ടുച്ചകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകാറുണ്ട്.



അയാള്‍ വേഗത്തില്‍ കുന്നിറങ്ങി വരികയായിരുന്നു. എന്റെ രോമങ്ങളില്‍ ഒട്ടിപ്പിടിച്ച ഊര്‍പ്പത്തിന്‍ കായകളെ രോമങ്ങളോടൊപ്പം പറിച്ചെറിയുന്നതില്‍ ആനന്ദം കണ്ടെത്തുകയായിരുന്നു ഞാന്‍. ഞാന്‍ തല ഉയര്‍ത്തി നോക്കി. "നരേന്ദ്രന്‍" ഞാന്‍ അറിയാതെ മന്ത്രിച്ചു. നരേന്ദ്രന്‍... എനിക്കുറപ്പായിരുന്നു അത് നരേന്ദ്രനാണെന്ന്‍. ആ അറിവ് ഒരുതരം വിഹ്വലതയായി എന്റെ ഹൃദയമിടിപ്പുകളെ ക്രമം തെറ്റിക്കുകയും ഭയം പോലെ ഒരു വികാരം ഒരു നിമിഷമാത്രയില്‍ എന്നെ പൊതിയുകയും ചെയ്തു. കാരണങ്ങളില്ലാത്ത ഒരറിവായിരുന്നു അത്. ഞാന്‍ ഒരിക്കലും ഒരു നരേന്ദ്രനെ കാത്തിരുന്നിട്ടില്ല. എന്റെ സങ്കുചിതമായ പരിചയങ്ങളില്‍ ഒരു നരേന്ദ്രന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ കാണാറുള്ള ആയിരക്കണക്കിനു സ്വപ്നങ്ങളിലൊന്നില്‍‌പോലും ഒരു നരേന്ദ്രനെ ഞാന്‍ ഓര്‍ക്കുന്നില്ല. നാമങ്ങളും പദങ്ങളും ചിത്രങ്ങളും ഇരുളും വെളിച്ചക്കീറുകളും‍ വിഹരിക്കാറുള്ള അബോധമായ എന്റെ സങ്കല്പതലങ്ങളില്‍ പോലും ഈ മുഖം ഞാന്‍ കണ്ടിട്ടില്ല, ഈ പേര്‌ എന്നെ ആകര്‍ഷിച്ചിട്ടില്ല. എന്നിട്ടും നരേന്ദ്രനെ ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.



അയാള്‍ കുന്നിറങ്ങി എന്റെ അടുത്തെത്തി, എന്റെ തോളില്‍ പിടിച്ചു. ഞാനാകട്ടെ വിയര്‍ത്തൊലിച്ച അര്‍ദ്ധനഗ്നമായ എന്റെ ശരീരത്തെപ്പറ്റിയാണ് അപ്പോള്‍ ആലോചിച്ചുകൊണ്ടിരുന്നത്. എന്റെ മാറില്‍ കുരുങ്ങിക്കിടന്ന ഊര്‍പ്പത്തിന്‍‌കായകള്‍ എന്നെ നരേന്ദ്രനുമുന്നില്‍ അപമാനിതനാക്കിയതായി തോന്നി. ഒപ്പം കുന്നിറങ്ങിവന്ന നരേന്ദ്രന്റെ പരുക്കന്‍ വസ്ത്രങ്ങളെ അവ പിടികൂടാത്തത് എന്നെ അത്ഭുതപ്പെടുത്തി. നരേന്ദ്രന്‍ എന്നെ കുലുക്കി വിളിച്ചു.

"ഞാന്‍ നിന്നെ അന്വേഷിക്കുകയായിരുന്നു".

എന്തിനെന്നു ഞാന്‍ ചോദിച്ചില്ല. അയാള്‍ അങ്ങിനെയൊരു ചോദ്യം പ്രതീക്ഷിച്കിരുന്നുമില്ല എന്നു തോന്നി. അയാള്‍ എന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു എന്നു അയാളുടെ കണ്ണുകള്‍ പറയുന്നതുപോലെ തോന്നി. എന്തിനെന്നറിയാതെ ഞാന്‍ നരേന്ദ്രനെയും കാത്തിരിക്കുകയായിരുന്നില്ലെ? എന്റെ ചിന്തകള്‍ പോലെ അവ്യക്തമായ എന്തോ ഒന്നിനാല്‍ ഞാന്‍ നരേന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നൊരു തോന്നല്‍ തെരുവക്കാറ്റുപോലെ ഉള്ളില്‍ ഒഴുകിക്കൊണ്ടിരുന്നു.

"നിനക്കറിയാമോ ആരും ആകാശം കാണുന്നില്ല, എല്ലാവരും നോക്കുകമാത്രം ചെയ്യുന്നു"

ഞാന്‍ ഒന്നും മിണ്ടിയില്ല. എന്നാല്‍ നരേന്ദ്രന്റെ വാക്കുകളെ എന്റെ ഉറങ്ങിക്കിടന്ന ഏതോ ഓര്‍മകള്‍ പിന്‍‌തുടരുന്നതായി തോന്നി. ഓര്‍ത്തെടുക്കാനാകാത്ത എന്തോ ഒന്ന്. നരേന്ദ്രന്‍ എന്റെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചിരുന്നു. തെരുവക്കുന്നിന്റെ ഗന്ധം പേറുന്ന ഉഷ്ണക്കാറ്റ് തിരകളായി എന്നെയും നരേന്ദ്രനെയും കടന്നുപൊയ്ക്കൊണ്ടിരുന്നു.

"ആകാശത്തെപ്പറ്റി നിനക്കെന്തറിയാം"

നരേന്ദ്രന്റെ കണ്ണുകള്‍ എന്റെ കണ്ണുകളെ വിട്ട് ദൂരെ ഭൂമിയുടെ അങ്ങേക്കരയില്‍ അഗ്നിവളയങ്ങള്‍ തീര്‍ത്ത് തലേരാത്രിയില്‍ എന്നെ രസിപ്പിച്ച തെരുവക്കുന്നുകളുടെ മുകളിലേക്കു പോയി. ഇവിടെ ഭൂമി ഒരു ഗോളമല്ല, കുന്നുകള്‍ കൊണ്ടു തീര്‍ത്ത ഒരു അര്‍ദ്ധഗോളമാണ്, വക്കു പൊട്ടിയ ഒരു വലിയ മണ്‍ചട്ടി പോലെ. മലകള്‍ എല്ലാം തെരുവമലകളല്ല. തെരുവമലകള്‍ക്ക് ഒരേ ആത്മാവും ഒരേ വികാരവും ആണെന്നു എനിക്കു പലപ്പോഴും തോന്നാറുണ്ട്. അവ പരസ്പരം വികാരങ്ങള്‍ പങ്കുവയ്ക്കുന്നു. തെരുവക്കാറ്റ് തെരുവമലകളില്‍നിന്നു തെരുവമലകളിലേക്കു ഒഴുകുന്നു. മൈലുകള്‍ക്കപ്പുറം കത്തുന്ന തെരുവമലകളുടെ ഗന്ധവും, ചാരവും, തീ തല്ലുന്നവരുടെ ആരവങ്ങളും പടുവാഴകളുടെ പൊട്ടലുകളും എല്ലാം ഈ തെരുവക്കുന്നുകളിലേക്കും ഒഴുകിയെത്തുന്നു.

“പറക്കുന്ന വെള്ളാനകളെ നീ കണ്ടിട്ടുണ്ടോ?” നരേന്ദ്രന്‍ ചോദിച്ചു. ഞാനും നരേന്ദ്രനൊപ്പം ഭൂമിയുടെ അങ്ങേ തലക്കല്‍ കത്തിക്കരിഞ്ഞുകിടന്ന തെരുവമലമുകളിലേക്കു നോക്കി. അപ്പോള്‍ മലമുകളില്‍ നിന്നും മേഘക്കൂടുകള്‍ ആകാശത്തേക്ക് ഉരുണ്ടുകയറിത്തുടങ്ങിയിരുന്നു. അവ ഗോളങ്ങളായി വ്യത്യസ്ഥ വേഗങ്ങളില്‍ തള്ളിയും തിരക്കിയും ആകാശത്തേക്ക് പടര്‍ന്നുകൊണ്ടിരുന്നു. തിരുനെറ്റിമല പുകഞ്ഞാല്‍ മഴ പെയ്യുമെന്നാണ്, തെരുവമലകളില്‍ ആ സ്ഥാനം തിരുനെറ്റി മലക്കു മാത്രമുള്ളതാണ്. അതുകൊണ്ടായിരിക്കണം മഴപെയ്യുമെന്ന തോന്നല്‍ എനിക്കുണ്ടായില്ല. തെരുവമലകളിലെ മഴയും വ്യത്യസ്ഥമാണ്. കുടയോ കൊരുമ്പയോ ഇല്ലാതെ പുറത്തിറങ്ങി മഴ കണ്ട് വീട്ടിലേക്കോടുന്നവരെ അല്പം നനച്ച് തെരുവമലകളിലെ മഴ വീട്ടിലെത്തിക്കുന്നു. ദൂരമോ വേഗമോ നോക്കാതെ, കശുവണ്ടി പെറുക്കാന്‍ പോയവരേയും, പുല്ലുചെത്താന്‍ പോയവരേയും, പശുവിനെ അഴിക്കാന്‍ പോയവരേയും, പൗഡറിട്ട് അങ്ങാടിക്കു പോയവരെയും അതു ഒരേപോലെ അല്പം നനച്ച് വീട്ടിലെത്തിക്കുന്നു.

"പറക്കുന്ന വെള്ളാനക്കൂട്ടങ്ങളെ നീ കാണുന്നില്ലേ?"

നരേന്ദ്രന്റെ ശബ്ദത്തില്‍ ഒരു അസഹ്യത ഉണ്ടായിരുന്നു. മേഘഗോളങ്ങള്‍ ആകാശത്ത് പടര്‍ന്നുകൊണ്ടേ ഇരുന്നു. അപ്പോഴും അയാള്‍ എന്റെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചിരുന്നു. നരേന്ദ്രനെപ്പോലെ ഞാനും പുകച്ചുരുളുകള്‍ പോലെ പടര്‍ന്നുകൊണ്ടിരുന്ന മേഘഗോളങ്ങളിലേക്ക് തുറിച്ചു നോക്കി. അതെ ഒരു ഞെട്ടലായി ഞാന്‍ അതു കണ്ടു, പറക്കുന്ന വെള്ളാനക്കൂട്ടങ്ങള്‍...!! കുറുകിയ തുമ്പിക്കയ്യും കാലുകളും… തുടുത്തു തൂങ്ങിയ കവിളുകളും അവക്കുപിന്നില്‍ ചിറകുകള്‍ പോലെ തോന്നിച്ച ചെവികളും… വെള്ളാനകള്‍ ആകാശത്തിലൂടെ കുമിഞ്ഞുനീങ്ങുന്നു. അവ ചെവികള്‍‍ക്കൊണ്ട് വെള്ളത്തിലെന്നപോലെ തുഴഞ്ഞു നീങ്ങുന്നതായി തോന്നി. ആകാശം നിറയെ ഗോളാകൃതികളായി വെള്ളാനകള്‍ നിറഞ്ഞു. എന്നിട്ടും അവ നുരച്ചുകൊണ്ടേ ഇരുന്നു. എന്റെ വിയര്‍പ്പുണങ്ങിയതും ഊര്‍പ്പത്തിന്‍‌കായകള്‍ പൊഴിഞ്ഞുപോയതും എപ്പോഴെന്നു ഞാന്‍ ഓര്‍ക്കുന്നില്ല. നുരഞ്ഞു നീങ്ങുന്ന വെള്ളാനകളും എന്റെ കൈത്തണ്ടയിലെ നരേന്ദ്രന്റെ പിടുത്തവും മാത്രമേ എന്റെ ഓര്‍മകളില്‍ അവശേഷിക്കുന്നുള്ളു. ഇതിനിടെ എപ്പോഴോ കാലം മാറിയതും, തെരുവമലകള്‍ മാറി കോണ്‍ക്രീറ്റ് കാടുകളും അതില്‍ തെരുവ മണക്കാത്ത മനുഷ്യരും മാത്രമുള്ള സമതലങ്ങള്‍ ഉണ്ടായതും എന്റെ ബോധാബോധങ്ങളുടെ ഏതു തലങ്ങളിലാണ്? രണ്ടു കാലങ്ങളെ വേര്‍തിരിക്കുന്ന ഒന്നും എന്റെ ഓര്‍മകളില്‍ അവശേഷിക്കാത്തതെന്ത് ? കാലങ്ങള്‍ തേഞ്ഞുരഞ്ഞു മറ്റൊന്നിലേക്ക് പരിണമിക്കപ്പെടുകയോ ഒരു പുസ്തക താള്‍ മറിക്കപ്പെടുന്നതുപോലെ മറ്റൊന്നിലേക്ക് മാറ്റപ്പെടുകയോ ചെയ്യാറുണ്ട്. ഇവിടെ ഒരു അവ്യക്തത പോലും എന്നില്‍ അവശേഷിപ്പിക്കാതെ കാലം മാറിയിരിക്കുന്നു.



എന്റെ കഥകളില്‍ മൂലതന്തു വിവരണങ്ങളില്ലാതെ കടന്നു പോകാറുണ്ട്, അതുപോലെ നരേന്ദ്രനും പറക്കുന്ന വെള്ളാനകളും വിവരണങ്ങള്‍ നല്‍കപ്പെടാതെ കടന്നു പോകുകയായിരുന്നു. ഏന്നിട്ടും ബോധാബോധങ്ങള്‍ ഇടകലര്‍ന്ന എന്റെ ഉഷ്ണചിന്തകളില്‍ നരേന്ദ്രനും പറക്കുന്ന വെള്ളാനകളും ഒരു അസ്വസ്ഥതയായി ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഒടുവില്‍ നരേന്ദ്രന്റെയും വെള്ളാനകളുടെയും കഥ എപ്പോഴോ എഴുതിപ്പോകുകയായിരുന്നു.



ഇപ്പോള്‍ നരേന്ദ്രന്‍ എന്റെ സങ്കുചിത്വത്തില്‍ നിന്നും മുക്തനാക്കപ്പെട്ടതായി തോന്നാറുണ്ട്. ആതു ഒരേ സമയം ഒരാശ്വാസവും നഷ്ടബോധവുമാണ്. ഇപ്പോള്‍, നരേന്ദ്രന്‍ ഇനി ഒരിക്കലും തെരുവമല ഇറങ്ങി വരില്ല എന്ന തോന്നല്‍ എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങിയിരിക്കുന്നു. നരേന്ദ്രന്‍ ആരൂടേതൊക്കെയോ ആയി മാറിയിരിക്കുന്നു. വിവരണങ്ങള്‍ ഏറെ നല്‍കാതെ ഞാന്‍ എന്റെ ഉഷ്ണചിന്തകളില്‍ കാത്തുവച്ച നരേന്ദ്രന്‍ എന്ന ഉഷ്ണമനുഷ്യന്‍, ഈ ശീതീകരിച്ച മുറിയില്‍ നരേന്ദ്രനെ മനസ്സിലാക്കാന്‍ പറ്റാത്തവരുടെ നിര്‍‌വചനങ്ങളില്‍ കുടുങ്ങി അസ്ഥിത്വം നഷ്റ്റപ്പെട്ടു നിര്‍‌വികാരനായി എന്നെ മാത്രം നോക്കി നില്‍ക്കുന്നതയി എനിക്കു തോന്നി. എന്റെ ഓരോ കഥകളും ആത്മാവിഷ്കാരത്തിന്റെ നിര്‍‌വൃതിയല്ല, ഒളിച്ചോട്ടത്തിന്റെ കുറ്റബോധമാണ് എനിക്കു സമ്മാനിക്കാറുള്ളതു. എന്നെ അസ്വസ്ഥനാക്കുന്ന, വീര്‍പ്പുമുട്ടിക്കുന്ന എന്തില്‍നിന്നും ഉള്ള എന്റെ ഒളിച്ചോട്ടമാണ് എന്റെ കഥകള്‍. ഒടുവില്‍ നരേന്ദ്രനും... ഉള്ളില്‍ കുറ്റബോധം തോന്നി... പൊയ്‌വാക്കുകളുടെ ശീതീകരിച്ച ഈ മുറിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് നരേന്ദ്രന്‍ വലിച്ചിഴക്കപ്പെട്ടതായി എനിക്കു തോന്നി.



ഒരുവേള പെട്ടെന്നു എവിടുന്നോ ഒരു തെരുവക്കാറ്റു വീശി. ഈ അടച്ചിട്ട മുറിയില്‍, തെരുവമലകളില്‍ നിന്നും തെരുവമലകളിലേക്കു മാത്രം ഉഷ്ണഗന്ധികളായി ഒഴുകിയെത്തുന്ന തെരുവക്കാറ്റ് എങ്ങിനെ എത്തിപ്പെട്ടു? പിന്നെ പെട്ടെന്നു ചുറ്റും കരിഞ്ഞുണങ്ങിയ തെരുവ ക്കാടു വളര്‍ന്നുതുടങ്ങി. ചുവരുകള്‍ അപ്രത്യക്ഷമായി കുന്നുകള്‍ ഉയര്‍ന്നു, വക്കുപൊട്ടിയ മണ്‍ചട്ടി പോലെ ഭൂമി ഉണ്ടായി, ഞാന്‍ വിയര്‍ത്തു, വിയര്‍പ്പു നീറ്റലായി ഒലിച്ചിറങ്ങി. ആരോ വേഗത്തില്‍ തെരുവമല ഇറങ്ങിവരുന്ന ശബ്ദം കേട്ടു, "നരേന്ദ്രന്‍" ഞാന്‍ അറിയാതെ മന്ത്രിച്ചു. ഒപ്പം കൂടിയിരുന്ന ജനക്കൂട്ടവും ആ പേര് ഏറ്റുപറഞ്ഞു, എന്നിട്ട് ദൂരെ കത്തിക്കരിഞ്ഞു കിടന്ന പേരറിയാത്ത തെരുവമലയുടെ പിന്നിലേക്ക് അവര്‍ മാഞ്ഞു പോയി... അപ്പോഴേക്കും നരേന്ദ്രന്‍ കുന്നിറങ്ങി എന്റെ ഒപ്പം എത്തിയിരുന്നു. ഞങ്ങള്‍ ജനക്കൂട്ടം അപ്രത്യക്ഷരായ കത്തിക്കരിഞ്ഞു കിടന്ന മലമുകളിലേക്കു നോക്കി നിന്നു. മേഘഗോളങ്ങള്‍... അല്ല പറക്കുന്ന വെള്ളാനക്കൂട്ടങ്ങള്‍ നുരച്ചു പൊങ്ങി തുടങ്ങി... അവ ആകാശം നിറഞ്ഞു പടര്‍ന്നുകൊണ്ടേ ഇരുന്നു... ആകാശം നിറഞ്ഞിട്ടും അവ വീണ്ടും നുരച്ചുകൊണ്ടേ ഇരുന്നു... കാലം മാറിയില്ല... ഞാന്‍ നരേന്ദ്രനെ നോക്കി... നരേന്ദ്രനെ ഞാന്‍ കണ്ടില്ല, പക്ഷെ മുന്നില്‍ വിയര്‍ത്തൊലിച്ചു അര്ദ്ധനഗ്നനായി നില്‍ക്കുന്ന എന്നെ കണ്ടു ഞാന്‍ പകച്ചു. ഞാന്‍ അവന്റെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചിരുന്നു... ബോധാബോധങ്ങള്‍ വേര്‍തിരിക്കാതെ ഞാന്‍ നരേന്ദ്രനായി അവന്റെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ചു നിന്നു... അപ്പോഴും ആകാശത്തു പറക്കുന്ന വെള്ളാനകള്‍ നുരച്ചുപറന്നുകൊണ്ടേ ഇരുന്നു..

3 Jan 2011

വേലായുധന്‍

വാച്ചു കെട്ടിയ വേലായുധന്‍ മാറ്റങ്ങളെയെല്ലാം തെറിവിളിച്ചു. വേലായുധനു ശേഷം വന്ന ഒന്നിനെയും അയാള്‍ അംഗീകരിച്ചില്ല. മതം മാറി ക്രിസ്ത്യാനികളായവരെ തെറി വിളിച്ചു... പാന്റ്സിട്ട പയ്യന്മാരെ തെറി വിളിച്ചു... ജീപ്പുകാരെ തെറി വിളിച്ചു... ഓടിട്ട പുര പണിതവരെ തെറി വിളിച്ചു... കമ്യൂണിസ്റ്റുകാരെ തെറി വിളിച്ചു... റോഡു പണിത കോണ്‍‌ട്രാക്ടറെയും പണിക്കാരെയും തെറി വിളിച്ചു... അങ്ങിനെ വേലായുധന്‍ എല്ലാരെയും തെറി വിളിച്ചു... പക്ഷെ വാച്ചു കെട്ടിയതിന് അയാള്‍ ആരെയും തെറിവിളിച്ചില്ല... അയാള്‍ പുതിയ വഴികളെ വെറുത്തു... ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും വെറുത്തു... ചെരുപ്പുകളെ വെറുത്തു... ബ്രാണ്ടിയും റമ്മും കുടിക്കുന്നവരെ വെറുത്തു... അങ്ങിനെ വേലായുധന്‍ സ്വയം തീര്‍ത്ത ഒരു കാലഘടികാരത്തിനിപ്പുറം നടന്ന എല്ലാരെയും വേലായുധന്‍ വെറുത്തു... വെറുത്തതിനെയൊക്കെ വേലായുധന്‍ പകല്‍ സമയങ്ങളില്‍ പല്ലിറുമ്മി ശപിക്കുകയും സന്ധ്യാ സമയങ്ങളില്‍ ഇല്ലാത്ത വഴികളില്‍ തട്ടിത്തടഞ്ഞു നടന്നു തെറി വിളിക്കുകയും ചെയ്തു...

വാച്ചു കെട്ടിയ വേലായുധന്റെ ഓരോ തെറിവിളികളിലും വേലായുധന്റെ പട്ടി, വാച്ചുകെട്ടാത്ത ശങ്കരന്‍ അതിസംസ്കൃതമായ ഒരു ശ്വാനഭാഷയില്‍ വേലായുധനൊപ്പം തെറി വിളിച്ചു വേലായുധനെ പ്രോത്സാഹിപ്പിച്ചുപോന്നു. വേലായുധന്റെ തെറികള്‍ ചിലതു ഹ്രസ്വങ്ങളും ചിലതു ദീര്‍ഘങ്ങളും ആയിരുന്നെങ്കില്‍ ശങ്കര‍ന്റെ തെറിവിളികള്‍‍ക്കു എന്നും ഒരേ ദൈര്‍ഘ്യവും ഒരേ താളവുമായിരുന്നു... ചിലപ്പോള്‍ ശങ്കരന്റെ ശബ്ദം വേലായുധന്റെ തെറികളുടെ നിമ്നോന്നതങ്ങളെ മുക്കിക്കളയുകയും, ചിലപ്പോള്‍ അവയ്ക്ക് സംഗീതാത്മകമായ ഒരു പിന്തുടര്‍ച്ച നല്‍കുകയും ചെയ്യും.

ഇതൊക്കെയാണെങ്കിലും തെരുവക്കാറ്റു വീശുന്ന വേനലും അഴുകിയ കശുമാമ്പഴങ്ങളുടെ മണമുള്ള വര്‍ഷവും പേറുന്ന ഈ മലയില്‍, വാച്ചു കെട്ടിയ വേലായുധനും വാച്ചുകെട്ടാത്ത ശങ്കരനും ആര്‍ക്കും പരാതിയില്ലാത്ത സാന്നിധ്യമായി മാറിയത് എങ്ങിനെ..? ഒരു പക്ഷെ ആരും തിരിച്ചറിയതെ വേലായുധനിലും ശങ്കരനിലും നിഗൂഢമായി കിടക്കുന്ന ഒരു ദിവ്യത്വം ആണോ അത്? കാവി മുണ്ടുടുത്ത വേലായുധനും കാവി നിറമുള്ള ശങ്കരനും ആദ്യമായി ഈ തെരുവമല കയറി വന്നതു എന്നാണ്? അവര്‍ തെറിവിളി തുടങ്ങിയതു എന്നാണ്? ഈ തെരുവമലയിലെ എല്ലാവരുടെയും ഓര്‍മകളെ ചിതറിച്ചു കളഞ്ഞ് അവ്യക്തമായ ഒരു കാലം സൃഷ്ടിച്ചതും അതില്‍ തുടക്കമില്ലാതെ കുടിയേറിപ്പാര്‍ത്തതും വേലായുധന്റെയും ശങ്കരന്റെയും ഏതു ദിവ്യത്വമാണ്?

ഇന്നലെ വേലായുധന്‍ ഒരു മാറ്റത്തിനു വിധേയനായിരിക്കുന്നു...വേലായുധന്‍ മാത്രം... വാച്ചു കെട്ടിയ വേലായുധന്‍ സന്ധ്യാനേരത്ത് കിളിന്തു തെരുവക്കൂമ്പുകള്‍ ചവിട്ടിച്ചതച്ച മെത്തയില്‍ കാവിമുണ്ടു നഷ്ടപ്പെട്ട് അനങ്ങാതെ, തെറി വിളിക്കാതെ കിടന്നു... വാച്ചു കെട്ടാത്ത ശങ്കരന് തെറിവിളികള്‍ മോങ്ങലുകളായി... ഒരു മഴയത്ത് തെരുവമലയില്‍ ആളുകള്‍ കപ്പളത്തണ്ടുകള്‍ മണ്ണെണ്ണ പന്തങ്ങളാക്കി പാഞ്ഞു നടന്നു. വേലായുധന്റെ തെറിവിളികള്‍ ഇല്ലാത്ത ആദ്യ സന്ധ്യ മരിച്ചു രാത്രിയായി... മണ്ണെണ്ണപ്പുക മണത്ത രാത്രിയില്‍ വാച്ചുകെട്ടാത്ത ശങ്കരന്‍, പെട്ടെന്ന് ചാടിയെണീറ്റ് തെറി വിളിച്ച് തെരുവമലയിറങ്ങി ഓടി, വാച്ചു കെട്ടിയ വേലായുധന്റെ ആത്മാവിനെ പിന്‍‌തുടര്‍ന്ന്... അടിവാരത്ത് കുത്തിയൊഴുകുന്ന ചാപ്പത്തോടിന്റെ ആരവത്തില്‍ എപ്പോഴോ വാച്ചുകെട്ടാത്ത ശങ്കരന്റെ തെറിവിളികള്‍ ഒഴുകിപ്പോയി....

വാച്ചുകെട്ടിയ വേലായുധന്റെയും, വാച്ചുകെട്ടാത്ത ശങ്കരന്റെയും തെറിവിളികള്‍ ഇല്ലാത്ത ഈ സന്ധ്യ ഭീകരമാണ്... ജീവന്‍ നഷ്ടപ്പെട്ട തെരുവക്കുന്നിന്റെ ആകാശവും ഭൂമിയും കറുത്തുകിടന്നു... ദൂരെ തെറിവിളികളെ പേടിക്കതെ ചാപ്പത്തോട് അലച്ചുകൊണ്ടേ ഇരിക്കുന്നു... ഏതോ കശുമാവിന്‍ ചോട്ടില്‍നിന്നു ഒരു ജീര്‍ണിച്ച കാറ്റുവന്നു ഇരുട്ടിനെ വീണ്ടും കറുപ്പിച്ചു... വേലായുധന്റെയും ശങ്കരന്റെയും തെറിവിളികള്‍ നിലച്ച ഈ ഇരുണ്ട തെരുവമലയില്‍ ഓരോരുത്തരും തനിച്ചായിരിക്കുന്നു... അവര്‍ ദൂരെ ദൂരെ ഓടിട്ടതും, പുല്ലു മേഞ്ഞതും ആയ വീടുകളില്‍ തഴപ്പായകളിലും തണുത്തുറഞ്ഞ പഞ്ഞിക്കിടക്കകളിലും ഉറക്കം വരാതെ വിറങ്ങലിച്ചു കിടന്നു...

5 Dec 2010

ഉത്തരങ്ങള്‍

എന്റെ ചോദ്യങ്ങള്‍, നിന്റെ ഉത്തരങ്ങളെ തേടി-
നീല പുതച്ച ആകാശത്ത് പറന്നുനടന്നു
നിന്റെ ഉത്തരങ്ങള്‍ ലില്ലിപ്പൂക്കള്‍ നിറഞ്ഞ പള്ളിപ്പറമ്പില്‍
ഒരു കല്ലറക്കുഴിക്കരികെ കാത്തിരുന്നു
ഒരു കുടീരം ഉയരുന്നതും-
അതില്‍ എന്റെ നാമം എഴുതുന്നതും കാത്ത്

15 Jun 2010

ബുദ്ധൻ

ഞാൻ ബുദ്ധൻ... ബോധനങ്ങളുടെ മറയില്ലാത്ത ബോധ്യങ്ങളിൽനിന്നും ജനിച്ചവൻ. ഒരിക്കൽ കൊട്ടാര സമൃദ്ധിയുടെ ആലസ്യത്തിൽ ഉറങ്ങുന്ന പ്രണയിനിയുടെ പാദങ്ങൾ ചുംബിച്ച്‌ യാത്രതിരിച്ചവനെ ഞാൻ ഓർത്തു. ഞാനും യാത്രയാകുന്നു. നഷ്ടപ്രണയത്തിന്റെ വ്യഥകളെ, ഓർമകളെ ചുംബിച്ച്‌. എന്റെ യാത്രയിൽ ബോധോദയത്തിന്റെ മടക്കയാത്രയിലേക്ക്‌ നയിക്കാൻ ബോധിവൃക്ഷത്തണലുകൾ ഉണ്ടാവില്ല. ബോധ്യങ്ങളുടെ പരിപൂർണ്ണതയിൽനിന്നാണ്‌ എന്റെ യാത്രയുടെ തുടക്കം. മരണമില്ലായ്മയെ തേടിയിറങ്ങിയവന്റെ നാമം മരണമില്ലാത്തതായി. എന്റെ യാത്രയാകട്ടെ മരണത്തിന്റെ അർത്ഥതലങ്ങൾ തേടിയാണ്‌. എന്നോ പാതിവഴിയിൽ ദുഷിച്ചുപോയ എന്റെ നാമത്തിന്‌ മരണത്തിന്റെ മുക്തി തേടിയിറങ്ങുന്നു ഞാൻ. നീ എന്നെ അറിയും. അപ്പോഴും മരുഭൂമിയിലെ ഉഷ്ണക്കാറ്റിൽ നാമം ഉപേക്ഷിച്ച്‌ ഒന്നായിത്തീർന്ന എന്നെ നീ അറിയില്ല

23 May 2010

തിരിച്ചറിവ്

അവള്‍ പോയി, ഇന്നലെയാണത്, ഉച്ചച്ചൂടിന്റെ ആലസ്യത്തില്‍ ഞാന്‍ വെന്തുറങ്ങുകയായിരുന്നു. ഉണരുമ്പോള്‍ അവളുണ്ടായിരുന്നില്ല, അവളുടെ ഗന്ധവും. എല്ലാറ്റിനും അടയാളങ്ങള്‍ അവശേഷിപ്പിക്കുന്ന ഉഷ്ണകാലത്തെ ഞാന്‍ സ്നേഹിച്ചുതുടങ്ങിയതു ഈയിടെയായാണ്. വര്‍ഷം എല്ലാം മായ്ചുകളയുന്നു. ഉഷ്ണം ഓര്‍മകളെ, വികാരങ്ങളെ ഒക്കെയും വിയര്‍‌പ്പിക്കുന്നു, ഇടകലര്‍‌‍ത്തുന്നു, അഴുക്കിച്ചേര്‍‌ ക്കുന്നു. അല്ലെങ്കില്‍ത്തന്നെ എന്നെ ജീവിപ്പിക്കുവാന്‍ ഓര്‍മകളല്ലാതെ മറ്റെന്തുണ്ട്?

കുറുന്തോട്ടിക്കുറ്റികള്‍ കരിഞ്ഞുണങ്ങിനിന്ന ചെമ്മണ്‍‌വഴിയില്‍ നിന്നെ തിരഞ്ഞ് ഞാന്‍ നടന്നു. നീ ഒന്നും എനിക്കായി അവശേഷിപ്പിച്ചില്ല. ഓര്‍മകളുടെ ഗന്ധം പോലും. ഞാനറിഞ്ഞത് ഒന്നു മാത്രം, നിനക്കു തിരിച്ചറിവുണ്ടായിരിക്കുന്നു. നീ ഒരിക്കല്‍ എന്നോട് പറഞ്ഞത് ഞാനോര്‍ക്കുന്നു, നിന്റെ തിരിച്ചറിവിനെപ്പറ്റി. ആപ്പോള്‍ നീ എന്റെ വലം‌കൈ‍ മുറുകെ പിടിച്ചിരുന്നു. ഞാനാകട്ടെ ഇതേ ചെമ്മണ്‍‌പാതയില്‍ തഴച്ചുനിന്ന കുറുന്തോട്ടിത്തലപ്പുകളില്‍ ഒളിഞ്ഞുകിടന്ന പുതുമഴത്തുള്ളികള്‍ നിന്റെ വെളുത്ത പാദങ്ങളെ വീണ്ടും വീണ്ടും ഈറനാക്കുന്നതും നോക്കി നടക്കുകയായിരുന്നു.
ഇത് ഉഷ്ണകാലമാണ്. സൂര്യന്‍ ആര്‍ക്കും കാരണമറിയാത്ത പ്രതികാരത്തോടെ കത്തിയെരിയുന്നു. ഞാന്‍ കൂട്ടിമുട്ടാത്ത ഒഴുക്കന്‍ രേഖകളുടെ അന്ത്യത്തിലേക്ക് നോക്കി നിന്നു. അവിടെ- യാഥാര്‍‌ത്ഥ്യത്തിന്റെ കുറുന്തോട്ടിക്കുറ്റികള്‍ സങ്കല്പമായി മാറിയ അതിര്‍‌വരമ്പില്‍- മുണ്ഡനം ചെയ്യപ്പെട്ട ദരിദ്രവൃക്ഷങ്ങളുടെ ചുവടുകള്‍ ഉഷ്ണത്തിന്റെ മിഥ്യയില്‍ ആടിയുലയുകയും നൃത്തം വയ്ക്കുകയും ചെയ്യുന്നു. ഞാന്‍ ഉഷ്ണം വിയര്‍പ്പിച്ച ഓര്‍മകളില്‍ നീ പോയ വഴിയറിയാതെ തിരികെ നടക്കുന്നു.

ചോദ്യങ്ങള്‍

എനിക്കു ചുറ്റും ചോദ്യങ്ങളാണ്
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ഓരോ ഉത്തരങ്ങളും പരിണമിച്ച്
വീണ്ടും ചോദ്യങ്ങളുണ്ടാകുന്നു
പൂര്‍ണ്ണവിരാമങ്ങള്‍ നീണ്ടുവളഞ്ഞ്
പിന്നെയും ചോദ്യചിഹ്നങ്ങളായി
അവ സര്‍പ്പങ്ങളായി മണ്ണില്‍ ഇഴഞ്ഞു
ചിലത് ഉറക്കം കെടുത്തുന്ന ദുഃസ്വപ്നങ്ങളായി
ഉറങ്ങിക്കിടന്ന ‌ ഉത്തരങ്ങള്‍ ഉണരാതെ
ചോദ്യദംശനങ്ങളില്‍ കരിനീലിച്ചു ചത്തു
ഒടുവില്‍ ഉത്തരങ്ങളില്ലാത്ത ഞാന്‍
ഒരു വലിയ മറുചോദ്യമായി
ആര്‍ക്കും ഉത്തരമില്ലാത്ത
ഒരു വലിയ മറുചോദ്യം

20 Jan 2010

ചെമ്പകം

ചെമ്പകം ആദ്യമായി പൂത്തകാലം
ഒരു തണുത്തു കുളിർന്ന മഴക്കാലം
നിന്റെ വായുവിലെ ഊഷ്മാവ്
എന്റെ കണ്ണടച്ചില്ലുകളെ തിരശ്ശീലയണിയിച്ച,
പെയ്തൊഴിയാത്ത പട്ടാപ്പകലുക
കൈകോർത്തിരുന്ന സായംസന്ധ്യകൾ
ഒരു ചുവരിന്നിരുപുറം മൗനമളന്ന ഇരവുക
കുടചൂടിവന്ന ഈറൻ കിനാവുക
നനഞ്ഞൊലിച്ചു നിന്ന വികാരങ്ങ
പിന്നെ എല്ലാം മറന്ന കുറെ രാപ്പകലുക
നീ കുന്നിറങ്ങി എങ്ങോ പോയിരിക്കുന്നു.
ചെമ്പകത്തെ നീ നോക്കിയില്ല
എന്നെയും നിന്നെയും കൂട്ടിയിണക്കിയ ചെമ്പകപ്പൂക്കൾ
മഴ തോർന്ന നടപ്പാതയിൽ ചെളിപുരണ്ട് മരിച്ചുകിടന്നു.
വർഷം കാടുപിടിപ്പിച്ച എന്റെ ഊടുവഴിയിൽ
ഞാൻ വീണ്ടുമൊരു വർഷം കാത്തുകിടക്കുന്നു
കുത്തിയൊലിച്ചു മറയട്ടെ ഓർമ്മകൾ
ഇനിയുമീ ചെമ്പകം പൂക്കാതിരിക്കട്ടെ

30 Sept 2009

ഉറങ്ങാതിരിക്കുക

ഉണ്ണീ നീ ഉറങ്ങാതിരിക്കുക
ഉറങ്ങിയാല്‍ സ്വപ്നം കാണാതിരിക്കുക
കണ്ട സ്വപ്നങ്ങളെ ഓര്‍ക്കാതിരിക്കുക
ഓര്‍മ്മകളെ തിരയാതിരിക്കുക
തിരഞ്ഞതൊന്നും കാണാതിരിക്കുക
കണ്ടതൊന്നും അറിയാതിരിക്കുക
അറിഞ്ഞതൊന്നും നേടാതിരിക്കുക
നേടിയതൊന്നും പോകാതെ നോക്കുക
പോയതോര്‍‌ത്തു കരയാതിരിക്കുക
കരഞ്ഞു കരഞ്ഞു മരിക്കാതിരിക്കുക
മരിച്ചാല്‍ വീണ്ടും ജനിക്കാതിരിക്കുക

7 Sept 2009

ശവദാഹം

ഞാനെന്ന പിറക്കാത്ത കിനാവിന്റെ
മരിക്കാത്ത ജഡത്തിനെ
എരിയാത്ത ചിതയില്‍ ഒടുക്കി നീ
ഇനി നാളെ
ഉണ്മയില്ലാത്തൊരെന്‍ ആത്മശാന്തിക്കായ്‌
നിന്‍ പരിഹാസതര്‍പ്പണം

2 May 2008

നീ...

നീ... ഏതോ നനുത്ത രാവില്‍ എവിടെനിന്നോ ഒഴുകിയെത്തി... നിനക്കാകട്ടെ, ചെമ്പകപ്പൂക്കളുടെ മണമായിരുന്നു, അതേ മൃദുലതയും. വരണ്ടുണങ്ങിയ തരിശുഭൂമിയില്‍ നീ വര്‍ഷമായി... ഭൂമിയില്‍ ഇലകളും പൂക്കളുമുണ്ടായി... മങ്ങിയ നിലാവെളിച്ചത്തില്‍, മൗനത്തിന്റെ അനന്തമായ വാചാലതയില്‍ ഞാന്‍ നിന്നെയും നീ എന്നെയും അറിഞ്ഞു... പുതുമഴ വീണ മണ്ണിന്റെ ഗന്ധത്തില്‍ ഞാനും നീയും അലിഞ്ഞുചേര്‍ന്നു...
എന്നിട്ടും, ഈ മൂവന്തിനേരത്ത് എന്നെ തനിച്ചാക്കി നീ അകന്നു പോകുന്നതെന്തേ? അവസാന നാഴികകളിലെ മൗനം എന്നെ കരയിച്ചത് നീ കണ്ടില്ലയെന്നോ? പുരുഷന്റെ കണ്ണീരിന് കാലവും സാക്ഷിയല്ല എന്നു ഞാന്‍ അറിയാതിരുന്നത് എന്റെ അജ്ഞത... നീയാകട്ടെ, നിന്റെ ഉറക്കം നഷ്ടപ്പെട്ട രാവുകളെ പഴിക്കുകയായിരുന്നു... മണ്ണുണങ്ങിയ ഉമ്മറപ്പടിയില്‍, നീ നടന്നകലുന്നതും നോക്കി ഞാനിരുന്നു. എന്റെ പിന്നില്‍ നീയിറങ്ങിപ്പോയ പടിവാതിലിനപ്പുറം ഇരുട്ടിന്റെ അന്ധത എന്നെ ചൂഴ്ന്നുനില്‍ക്കുന്നു. ഒടുവില്‍ വ്യക്തതയുടെയും അവ്യക്തതയുടെയും അതിര്‍‌വരമ്പില്‍ നീ അവസാനമായി എന്നെ തിരിഞ്ഞുനോക്കുന്നതും കാത്ത് ഞാനിരുന്നു... പക്ഷെ നീയെന്നെ തിരിഞ്ഞുനോക്കിയതേ ഇല്ല... ഞാനിവിടെ തനിച്ചാണ്... തീര്‍ത്തും തനിച്ച്...